സൗദിയിലെ ലെവി ഇളവിന്‍റെ പൂര്‍ണ വിവരങ്ങള്‍

റിയാദ്: 100 റിയാല്‍ വര്‍ക്ക് പെര്‍മിറ്റ് ചാര്‍ജും 650 റിയാല്‍ ജവാസാത്ത് ചാര്‍ജും അടച്ച് ഇഖാമ പുതുക്കാന്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യം അവസാനിച്ചു തുടങ്ങി.

 ചെറുകിട സ്ഥാപനങ്ങളിലെ നാലു ജീവനക്കാര്‍ക്ക് ലഭിച്ചിരുന്ന ലെവി ആനുകൂല്യം അഞ്ചുവര്‍ഷത്തേക്ക് മാത്രമായിരുന്നുവെന്നും ആനുകൂല്യ കാലാവധി ദീര്‍ഘിപ്പിക്കാന്‍ പദ്ധതിയില്ലെന്നും തൊഴില്‍മന്ത്രാലയം അറിയിച്ചു.

 ആനുകൂല്യം പ്രയോജനപ്പെടുത്തിയ പല സ്ഥാപനങ്ങളുടേയും കാലാവധി അവസാനിച്ചതിനാല്‍ ലെവി ഇളവ് നിര്‍ത്തിവെച്ചിട്ടുണ്ടെന്നും അത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മറ്റുള്ളവരെ പോലെ നിലവിലെ മുഴുവന്‍ ലെവിയും അടച്ച് ഇഖാമ പുതുക്കണമെന്നും ചോദ്യത്തിനുത്തരമായി മന്ത്രാലയം വിശദീകരിച്ചു.

 അതേ സമയം അഞ്ചുവര്‍ഷ കാലാവധി ബാക്കിയുള്ളവര്‍ക്ക് ആനുകൂല്യം തുടരും. ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള, ഉടമയായ സൗദി പൗരന്‍ ജോലി ചെയ്യുന്ന ചെറുകിട സ്ഥാപനങ്ങളില്‍ നാലു വിദേശി ജീവനക്കാര്‍ക്ക് ഇഖാമ പുതുക്കുന്നതിന് ലെവി ഒഴിവാക്കിയതായി 2014 ജൂണ്‍ അവസാനവാരത്തിലാണ് അന്നത്തെ തൊഴില്‍മന്ത്രി എഞ്ചി. ആദില്‍ ഫഖീഹ് പ്രഖ്യാപിച്ചത്. ജൂണ്‍ 23ന് ചേര്‍ന്ന മന്ത്രിസഭ യോഗ തീരുമാനപ്രകാരമായിരുന്നു ഈ നടപടി.

 ചെറുകിട സ്ഥാപനങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക ബാധ്യത കുറച്ച് ഉടമകളെ സഹായിക്കുന്നതിനും വേണ്ടി 1435 ശഅബാന്‍ 25 മുതല്‍ 1440 ശഅബാന്‍ 25 വരെയുള്ള അഞ്ചുവര്‍ഷക്കാലാവധിയിലാണ് ലെവിയിളവ് ആനുകൂല്യം അനുവദിച്ചിരുന്നത്. 1435 ശഅബാന്‍ 25 ന് മുമ്പ് തൊഴില്‍മന്ത്രാലയത്തില്‍ അക്കൗണ്ട് തുറന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ തിയ്യതി മുതല്‍ ഇളവുകള്‍ ലഭിക്കുന്നത്.

RELATED STORIES