സ്നേഹം പ്രകടനം ആകുമ്പോള്‍!

        സ്നേഹത്തിന് പല നിര്‍വചനം നാം കൊടുക്കാറുണ്ട്. സ്നേഹം പരസ്പരം പങ്ക് വെയ്ക്കേണ്ട ഒന്ന് ആണ്. വാക്കില്‍ കൂടിയും പ്രവര്‍ത്തിയില്‍ കൂടിയും പ്രകടിപ്പിക്കണ്ട ഒന്നാണ് എന്നൊക്കെ നാം പറയാറുണ്ട്. ഒരിക്കല്‍ ഒരു ഭാര്യ പരാതിപ്പെട്ടു, അതായത് തന്‍റെ ഭര്‍ത്താവ് തന്നെ ഒട്ടും സ്നേഹിക്കുന്നില്ല, തന്‍റെ ഹൃദയ വേദനകള്‍ പറയുമ്പോള്‍ ഒരു ആശ്വാസവാക്കുകള്‍ പോലും പറയാറില്ലായെന്ന്. പക്ഷേ ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ അവളെ അധികമായി സ്നേഹിക്കുന്നു അവള്‍ക്ക് എപ്പോഴും പരാതി മാത്രമേയുള്ളുവെന്ന്. അദ്ദേഹത്തിന്‍റെ ഉള്ളില്‍ ഭാര്യയോട് സ്നേഹം ഉണ്ട് എന്ന് അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറയുന്നു.

ഉള്ളില്‍ സ്നേഹമുള്ള ചിലര്‍ അത് പ്രകടിപ്പിക്കുവാന്‍ പരാജയപ്പെടുന്നു. ചിലര്‍ ഉള്ളില്‍ സ്നേഹം ഇല്ല എങ്കിലും പ്രകടിപ്പിക്കുവാന്‍ മിടുക്കര്‍ ആണ്. ആത്മാര്‍ത്ഥത ഇല്ലാതെ പ്രകടനം മാത്രം ആവുമ്പോള്‍ അതു കപടസ്നേഹമാണ് എന്ന് പറയേണ്ടിവരും. നമ്മുടെ കാലഘട്ടത്തില്‍ ഈ കപടതയും, അഭിനയവും കൂടി വരുന്നു എന്നത് പത്രമാധ്യമങ്ങളില്‍ കൂടി നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നു. കാര്യസാധ്യയത്തിന് വേണ്ടിയും പ്രീതി പിടിച്ചു പറ്റുവാന്‍വേണ്ടിയും മാത്രം ഉള്ള പ്രകടനങ്ങള്‍ സ്നേഹത്തില്‍ നിന്നും  ഉള്ളതല്ല. അത് തീര്‍ത്തും അനാത്മീയവും, സ്വാര്‍ത്ഥതാപരമായതും, ജഡീകമായതും ആണ്. 

ചിലര്‍ ആത്മാര്‍ത്ഥമായ സ്നേഹം ഉള്ളവര്‍ ആണ്. പക്ഷേ അവര്‍ അത് പ്രകടിപ്പിക്കാന്‍ പുറകില്‍ ആയതുകൊണ്ട് സമൂഹത്തില്‍ കഴിവുകെട്ടവര്‍ ആയി മാറുന്ന ഒരു അവസ്ഥ കാണുവാന്‍ കഴിയും. മറ്റു ചിലര്‍ ആത്മാര്‍ത്ഥത ഇല്ലെങ്കിലും പ്രകടനത്തില്‍ മുന്‍പില്‍ ആണ. കേവലം സുഖിപ്പിക്കുന്ന സ്നേഹപ്രകടനങ്ങള്‍, അവര്‍ സമൂഹത്തില്‍ വിജയിക്കുന്നു, അംഗീകരിക്കപ്പെടുന്നു. ചില സുഖിയന്മാരും സുഖമതികളും ഇങ്ങനെയുള്ള പ്രകടനങ്ങളില്‍ വീണു പോകുന്നു. അവര്‍ അവസാനമായിരിക്കും ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കുന്നത്. 

ഒരു കാലത്തു സ്നേഹിച്ചവര്‍, സ്നേഹിച്ചു പാര്‍ത്തവര്‍, സ്നേഹം പങ്കിട്ടവര്‍, പെട്ടെന്ന് പിശാചുക്കള്‍ ആയി തീരുമ്പോള്‍ ആ സ്നേഹം ശുദ്ധിയുള്ളത് ആയിരുന്നോ എന്ന് അറിയുവാന്‍ അഥവാ അളക്കുവാന്‍ വൈകിപ്പോയിരിക്കും. പെട്രോളിലും, ആസിഡിലും ഒക്കെ കത്തിയമരുന്ന പ്രേമ ബന്ധങ്ങള്‍, തല്ലിയും തകര്‍ത്തും  അവസാനിക്കുന്ന പ്രേമബന്ധങ്ങള്‍ ഇതിനെയൊക്കെ സ്നേഹം എന്ന് വിളിക്കാന്‍ പറ്റുമോ? യഥാര്‍ത്ഥത്തില്‍ സ്നേഹം എന്താണ്? അതിനെപ്പറ്റി ചെറിയ ഒരു പഠനം നടത്താം.


ഇഷ്ടം, പ്രേമം, സ്നേഹം, എന്നീ വാക്കുകള്‍ തമ്മിലുള്ള വ്യത്യാസം എന്ത്?


സ്നേഹത്തിന് വ്യത്യസ്തമായ അര്‍ത്ഥതലങ്ങള്‍ ഉള്ളതായിട്ട് നമുക്ക് കാണുവാന്‍ കഴിയുന്നു. ഇഷ്ടം, വാത്സല്യം, പ്രണയം, പ്രേമം എന്നിങ്ങനെ ധാരാളം വാക്കുകള്‍ സന്ദര്‍ഭത്തിനനുസരിച്ച് സ്നേഹത്തിന് പര്യായമായി മലയാളത്തില്‍ ഉപയോഗിക്കുന്നു. ഗ്രീക്ക് ഭാഷയില്‍ സ്നേഹത്തിന് പ്രധാനമായി നാല് വാക്കുകള്‍ ഉണ്ട്.

1 ഇറോസ്  (eros)  ലൈംഗിക അഭിനിവേശത്തോടുള്ള സ്നേഹം (Sexual Love)

2 ഫിലിയ  (philia)  ആഴത്തിലുള്ള സൗഹൃദസ്നേഹം (Friendly Love)

3 സ്റ്റോറേജ്  (storge)  കുടുംബപരമായ സ്നേഹം (Familial Love)

4 അഗാപ്പെ (agape) സ്വാര്‍ത്ഥത ഇല്ലാത്ത സ്നേഹം (Selfless Love)


ഈ നാല് സ്നേഹവും കൂടി യോജിക്കുന്ന ഒരു ഇടം ആണ് വിവാഹജീവിതം എന്ന് പറയുന്നത്.  ഇവയില്ലാത്ത വിവാഹജീവിതം എല്ലാം വേഗത്തില്‍ അസ്തമിക്കുന്നു. ഇനിയും ഇഷ്ടത്തെപ്പറ്റിപ്പറയുമ്പോള്‍ നിറങ്ങള്‍ കണ്ടും, രുചികള്‍ അറിഞ്ഞും, ഭംഗി കണ്ടുമൊക്കെ നമുക്ക് പലതിനോടും ഇഷ്ടം തോന്നാറുണ്ട്. എനിക്ക് ഐസ്ക്രീം ഇഷ്ടമാണ് എന്ന് നാം പറയാറുണ്ട്, ഐസ്ക്രീമിനോട് സ്നേഹം ആണ് എന്ന് പറയാറില്ല. ഞാന്‍ ഐസ്ക്രീം ഇഷ്ടപ്പെടുന്നു എന്ന് പറയും. ഞാന്‍ ഐസ്ക്രീമിനെ സ്നേഹിക്കുന്നു എന്ന് പറയാറില്ല. ഇതില്‍ നിന്നും ഇഷ്ടവും സ്നേഹവും തമ്മിലുള്ള വ്യത്യാസം പിടികിട്ടി എന്ന് വിശ്വസിക്കുന്നു. ഇഷ്ടം എപ്പോഴും സ്വാര്‍ത്ഥതയില്‍ നിന്നും മോഹത്തില്‍ നിന്നും  ഉള്ളതാണ്. ചിലപ്പോള്‍ നാം ചിലതിനെയൊക്കെ മോഹിക്കുന്നതുകൊണ്ട് ഇഷ്ടപ്പെടുന്നു. ചിലപ്പോള്‍ നമ്മുടെ കാര്യസാധ്യതകള്‍ക്ക് വേണ്ടി ഇഷ്ടം കാട്ടുന്നു. എതിര്‍ലിംഗത്തോട് ഉള്ള ഇഷ്ടം വെറും മോഹത്തില്‍ നിന്നും ആവുമ്പോള്‍ അതിനെ കാമം എന്നു പറയാം. 

    ഗിരിപ്രഭാഷണത്തില്‍ യേശു അവിടുത്തെ ശിഷ്യന്മാരോട് പറഞ്ഞത് ഇതാണ്. "സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവന് എല്ലാം ഹൃദയം കൊണ്ട് അവളോട് വ്യഭിചാരം ചെയ്തുപോയി." ഇത് യേശു പറഞ്ഞതിന് ശേഷം തുടന്ന് പറയുന്നത് നിന്‍റെ വലതു കണ്ണ്, വലത് കൈ നിനക്ക് ഇടര്‍ച്ച വരുത്തുന്നുവെങ്കില്‍ എടുത്ത് കളയുക, വെട്ടിക്കളയുക എന്നാണ്. വളരെ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ് ഇത്!

മോഹത്തോട് കൂടിയ ഇഷ്ടമാണ് പ്രേമം എന്ന് പറയാം. ഇംഗ്ലീഷില്‍ Love എന്ന പദത്തിന് സ്നേഹം, പ്രേമം, മോഹം, ഇഷ്ടം എന്നൊക്കെ കൊടുത്തിട്ടുണ്ട്. പക്ഷേ പ്രേമത്തിന് Love എന്ന വാക്കിനെക്കാള്‍ Lust എന്ന വാക്ക് ആണ് കൂടുതല്‍ യോജിക്കുന്നത്. Lust എന്ന വാക്കിന് കൊടുത്തിരിക്കുന്ന അര്‍ത്ഥങ്ങള്‍ കാമം, കാമിക്കുക, അത്യാശ, അമിത ലൈംഗികാസക്തിയുണ്ടാക്കുക, അത്യധികം മോഹിക്കുക, വിഷയസുഖേച്ഛ, ആഗ്രഹിക്കുക, കൊതിക്കുക, ആസക്തി, ഭോഗേച്ഛ എന്നിവയാണ്. ഇതില്‍ സ്നേഹം ഉള്‍പ്പെടുത്തുവാന്‍ കഴിയുമോ? പ്രേമം എന്നുളളത് വളരെ അപകടകാരിയാണ്. തലയ്ക്കു പിടിച്ചാല്‍ നിയന്ത്രിക്കാന്‍ പ്രയാസം ഉള്ളത് ശാസ്ത്രീയമായി പറഞ്ഞാല്‍ തലച്ചോറില്‍ നടക്കുന്ന രാസപ്രവര്‍ത്തനം മാത്രമാണ് ഈ പ്രേമം. അതാണ് ഉത്തമഗീതത്തില്‍ വായിക്കുന്നത് പ്രേമം മരണം പോലെ ബലമുള്ളത്. 

ഏറിയ വെള്ളങ്ങള്‍ പ്രേമത്തെ കെടുത്തുവാന്‍ പോരാ, നദികള്‍ അതിനെ മുക്കിക്കളയുകയല്ല. ഒരുത്തന്‍ തന്‍റെ ഗ്രഹത്തിലുള്ള സര്‍വ്വസമ്പത്തും പ്രേമത്തിനുവേണ്ടി കൊടുത്താലും അവനെ നിന്ദിച്ചു കളയും. ഇതാണ് പ്രേമം. പ്രേമിച്ചും പ്രണയിച്ചും ഒക്കെ എത്രയോ യുവതീയുവാക്കള്‍ ജീവന്‍ അവസാനിപ്പിച്ചിരിക്കുന്നു. എത്രയോ യുവമിധുനങ്ങള്‍ ആത്മഹത്യ ചെയ്തിരിക്കുന്നു. അവര്‍ തിന്മയെ ഗര്‍ഭം ധരിച്ച് അനീതിയെ പ്രസവിക്കുന്നു എന്ന് വചനം പറയുന്നു (യെശ 59:4). 

പ്രേമിച്ചു പ്രേമിച്ചു ആഗ്രഹിക്കുന്നത് ലഭിച്ചില്ല എങ്കില്‍ മൃഗീയമായി പെരുമാറുവാനും കൊല്ലുവാനും കത്തിക്കുവാനും പോലും മടിക്കുന്നില്ല. ഇതില്‍ സ്നേഹം ഉണ്ടോ? സൗന്ദര്യം മങ്ങുമ്പോള്‍ പ്രേമം തണുക്കുന്നു. പക്ഷേ സ്നേഹം നിലനില്‍ക്കുന്നു. സ്നേഹിക്കുന്നവരില്‍ പ്രേമം ഉണ്ടാവാം. പക്ഷേ പ്രേമിക്കുന്നവരില്‍ എല്ലാം സ്നേഹം ഉണ്ടാവണം എന്നില്ല. സ്നേഹത്തില്‍ ഇഷ്ടവും, പ്രേമവും എല്ലാം ഉണ്ടാവും. പക്ഷേ എല്ലാ ഇഷ്ടത്തിലും പ്രേമത്തിലും സ്നേഹം ഉണ്ടാകണം എന്നില്ല.

അവിഹിത ബന്ധങ്ങളിലേക്ക് വഴുതി വീഴുന്നതിന്‍റെ കാരണങ്ങള്‍ എന്ത്?

ഒരു പത്രത്തിന്‍റെ കട്ടിങ്ങ് വാട്സാപ്പില്‍ വന്നത് വായിക്കാന്‍ ഇടയായി. സത്യമാണോ എന്നറിയില്ല എങ്കിലും അതിന്‍റെ തലക്കെട്ട് കണ്ട് അതിശയിച്ചുപോയി. കേരളം ഞെട്ടലില്‍!! 11 മാസത്തിനു ഇടയില്‍ കാമുകന്മാര്‍ക്ക് ഒപ്പം ഒളിച്ചോടി പോയതു 2868 ഭാര്യമാര്‍.

ഇവരെ അവിഹിതമായ ബന്ധങ്ങളിലേക്ക് നയിക്കുന്നത് ജനിതകപരമായ സവിശേഷതകളും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളുമാണ് എന്നാണ് ശാസ്ത്രലോകത്തിന്‍റെ പുതിയ അറിവ്. പിന്നെ കുടുംബ ബന്ധങ്ങളില്‍ സംഭവിക്കുന്ന പിളര്‍പ്പും ഒരു കാരണമാണ്. ഇവിടെ ഒരു ഉദ്ധരണി ഓര്‍മ്മ വരുന്നു. "രാജാക്ക ന്മാരും സ്ത്രീകളും വള്ളികളും ഒരുപോലെയാണ്. അടുത്ത് നില്‍ക്കുന്നവനെ ചുറ്റിപ്പിടിച്ചുകൊള്ളും" അടുപ്പവും സ്നേഹവും കാണിച്ച് വരുമ്പോള്‍ എന്തിലും പിടിച്ചു കയറുന്ന വള്ളികള്‍ ആണ് ഈ ബന്ധങ്ങ ളില്‍ വീഴുന്നത്.

പിന്നെ സോഷ്യല്‍ മീഡിയായുടെ അതിപ്രസരവും, ആധുനിക സാങ്കേതിക വിദ്യകളുടെ എല്ലാം ഒരു ഒരു കടന്നുകയറ്റവും ഇതിനൊക്കെ ഒരു പിന്‍ബലം ആവുന്നുണ്ട് എന്നതില്‍ സംശയമില്ല. സ്വന്തം വീടിന്‍റെയും  ഒക്കെ ചുറ്റുവട്ടത്തില്‍ ഒതുങ്ങിക്കൂടിയവര്‍ക്ക് ലോകത്തെ തൊട്ടറിയുവാനും, ലോകത്തിന്‍റെ വിവിധ കോണു കളില്‍ ഉള്ളവരുമായി ആശയവിനിമയം നടത്താനും കഴിയുന്ന കാലം. ഇന്‍റര്‍നെറ്റിന്‍റെ കാലം. ഈ വലയില്‍ കുടുങ്ങുന്നവര്‍ ഉണ്ട്. ഇതില്‍ തളരുന്നവര്‍ ഉണ്ട്. പിന്നെ വളരുന്നവരും ഉണ്ട്. നമ്മുടെ മനോഭാവത്തിന് അനു സരിച്ച് നമ്മോട് സഹകരിക്കാന്‍ സവിശേഷതകള്‍ ഉള്ള ബഹുമുഖനായവന്‍ ആണല്ലോ ഇന്‍റര്‍നെറ്റ്! അപ്പോള്‍ അവിഹിതബന്ധത്തിലേക്കു നയിക്കാന്‍ ഇതൊക്കെ ഒരു കാരണമാണ്.

സ്വന്തജീവിതം ബലികൊടുക്കേണ്ടി വരുന്ന ഒരു കാര്യം തന്നെയാണ് ഈ അവിഹിതബന്ധം എന്നു പറയുന്നത്. ഇത് ഒറ്റ ദിവസം കൊണ്ട് വിടരുന്ന ഒരു ബന്ധം ആവണം എന്നില്ല. നോക്കിയും, സംസാരിച്ചും,  വിവരങ്ങള്‍ കൈമാറിയും ഒക്കെ ബന്ധം അതിന്‍റെ ക്ലൈമാക്സിലേക്ക് ചെന്ന് ചേരുന്നു. അടര്‍ത്തിമാറ്റുവാന്‍ കഴിയാത്തവിധം ഡോപ്പാമിന്‍ എന്ന ഒരു ഹോര്‍മോണ്‍ അവരില്‍ രൂപം കൊള്ളുന്നു. വളരെ ശക്തമായ ഒരു  ഹോര്‍മോണ്‍ ആണ് ഡോപ്പാമിന്‍. നേരത്തെ സൂചിപ്പിച്ച പ്രേമത്തിന്‍റെ പിമ്പില്‍ ഉള്ള വില്ലനും ഈ ഹോര്‍മോ ണിന്‍റെ പ്രവര്‍ത്തനം ആണ്. ഈ ഹോര്‍മോണ്‍ ഉണ്ടാവുന്നത് കൊണ്ട് പ്രായമോ, മതമോയ, ജാതിയോ, മാതാപിതാക്കളോ, ഭര്‍ത്താവോ, ഭാര്യയോ, കുട്ടികളോ ഒന്നിനും കമിതാക്കള്‍ തമ്മിലുള്ള ബന്ധം വേര്‍പെടു ത്തുവാന്‍ കഴിയാതെ വരുന്നു. എന്ത് ത്യാഗത്തിനും ഈ ഡോപ്പാമിന്‍ ഹോര്‍മോണ്‍ പ്രേരിപ്പിക്കുന്നു. 

        ഒന്നിച്ചുള്ള മരണം, ഒളിച്ചോട്ടം, എന്തിനും തയ്യാറായി അവര്‍ നില്‍ക്കുന്നു. ഡോപ്പാമിന്‍ ഹോര്‍മോണിന്‍റെ കാലാവധി ഏകദേശം ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ ആണ്. അതിനുശേഷം ഇതിന്‍റെ പ്രവര്‍ത്തനം  നിര്‍വീര്യം ആവുന്നു.

ഹോര്‍മോണ്‍ വീര്യം തീരുന്നതിനു അനുസരിച്ചു പ്രേമബന്ധങ്ങളില്‍ കല്ലുകടി തുടങ്ങുന്നു. പ്രേമബന്ധങ്ങള്‍ ബന്ധനം ആയി മാറുന്നു. ഇതില്‍ എത്രമാത്രം സ്നേഹം ഉണ്ട് എന്ന് നമുക്ക് പറയാന്‍ പറ്റും?. വിവാഹബന്ധത്തിനു പുറത്തുള്ള ലൈംഗികബന്ധങ്ങള്‍ക്ക് ബൈബിള്‍ എതിരാണ്. അങ്ങനെയുള്ള ബന്ധങ്ങള്‍ക്ക് മരണശിക്ഷയാണ് ഉള്ളത്. ഒരു പുരുഷന്‍റെ ഭാര്യയായ സ്ത്രീയോടുകൂടെ ഒരുത്തന്‍ ശയിക്കുന്നതുകണ്ടാല്‍ സ്ത്രീയോടുകൂടെ ശയിച്ച പുരുഷനും സ്ത്രീയും ഇരുവരും മരണശിക്ഷ അനുഭവി ക്കേണം. ഇങ്ങനെ യിസ്രായേലില്‍ നിന്നു ദോഷം നീക്കിക്കളയേണം (ആവര്‍ത്തനം 22:22).

പൗലോസ് അപ്പോസ്തോലന്‍ പറയുന്നു വ്യഭിചാരത്തില്‍ നിന്ന് ഓടിയകലുവിന്‍. മനുഷ്യന്‍ ചെയ്യുന്ന  മറ്റു പാപങ്ങളെല്ലാം ശരീരത്തിന് വെളിയിലാണ്. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു. (1കൊരി 6:18).

എന്താണ് യഥാര്‍ത്ഥമായ സ്നേഹം

ഇംഗ്ലീഷില്‍ നാം മിക്കവാറും പറയുന്നത് ‘fall in love’ എന്നാണ്. സത്യത്തില്‍ സ്നേഹത്തില്‍ സംഭ വിക്കേണ്ടതും അതാണ്. 'വീഴ്ച'. സ്നേഹിക്കുന്നവരെ കൂടെ നിര്‍ത്താന്‍ വീഴാനും തയ്യാര്‍ ആവുന്നത് ആണ് സ്നേഹം.  വാഴാന്‍ നോക്കുന്നത് അല്ല സ്നേഹം വീഴാന്‍ നോക്കുന്നത് ആണ്. സ്നേഹിക്കപ്പെടുന്നവര്‍ക്ക് വേണ്ടി ബലിയായി തീരാനും എല്ലാം നഷ്ടപ്പെടുത്താനും കഴിയുമ്പോള്‍ ആണ് സ്നേഹത്തിന്‍റെ മൂര്‍ധന്യ ഭാവം വെളിപ്പെടുന്നത്. അതാണ് കാല്‍വരി ക്രൂശില്‍ നാം കണ്ടത്. എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന  ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിനുവേണ്ടി തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു (യോഹ 3:16) യേശു തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണംവരെ അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി (ഫിലി 2:7,8) അപ്പോസ്തലനായ പൗലോസ് സ്നേഹത്തിനു നല്‍കിയിരിക്കുന്ന നിര്‍വചനത്തോടു കൂടെ ഈ ലേഖനം ഉപസംഹരിക്കുന്നു (1കൊരി 13:48). സ്നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്നേഹം അസൂയപ്പെടു ന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. സ്നേഹം അനുചിതമായി പെരുമാറുന്നില്ല. സ്വാര്‍ത്ഥം  അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല, അത് അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്ലാദം കൊള്ളുന്നു. സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു. സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല.

RELATED STORIES