കൊറോണ വൈറസ് മനുഷ്യരിലെത്തിയത് ഈനാംപേച്ചികളിലൂടെയെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍

ബെയ്‍ജിങ്: ലോകമെങ്ങും ഭീതി വിതയ്‍ക്കുന്ന കൊറോണ വൈറസ് മനുഷ്യരിലേക്കെത്തിച്ചത് ഈനാംപേച്ചികളാണെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍. വവ്വാലുകളില്‍ നിന്ന് ഈനാംപേച്ചികളിലൂടെ വൈറസ് മനുഷ്യനിലേക്ക് മറ്റു ജീവികളിലേക്കും എത്തിയെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ശല്‍ക്കങ്ങളുള്ള ഏക സസ്‍തനിയായ ഈനാംപേച്ചികളാണ് ലോകത്ത് ഏറ്റവുമധികം കടത്തിക്കൊണ്ടുപോകുന്ന ജീവികള്‍. ഈനാം പേച്ചികളെ കടത്തുന്നത് തടയാന്‍ അന്താരാഷ്ട്ര തലത്തില്‍ നിയമമുണ്ട്. എന്നാല്‍ ഇവയെ വ്യാപകമായി അനധികൃതമായി ഏഷ്യയിലെ പല രാജ്യങ്ങളിലേക്കും കടത്തുന്നുണ്ട്.

ചൈന ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ ഇവയെ ഭക്ഷിക്കാറുമുണ്ട്. പരമ്പരാഗത മരുന്നുകളുണ്ടാക്കാനും ഇവയെ ഉപയോഗിക്കാറുണ്ട്. അതിനാല്‍ ഇവ രോഗം പടര്‍ത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

ഈനാംപേച്ചികളാണ് കൊറോണ വൈറസ് പടര്‍ത്തുന്നതെന്ന് കണ്ടുപിടിച്ചത് വൈറസ് വ്യാപനം തടയാനുള്ള നടപടികള്‍ക്ക് സഹായകമാകുമെന്ന് ഗവേഷമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സൗത്ത് ചൈന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‍സിറ്റി അഭിപ്രായപ്പെട്ടു.

പുതിയ കൊറോണ വൈറസ് ഇതുവരെ 636 ജീവനുകളെടുത്തു. ഡിസംബറിലാണ് ഹുബെയ് പ്രവിശ്യയിലെ വുഹാനില്‍ ആദ്യമായി വൈറസ് ബാധ കണ്ടെത്തിയത്. വുഹാനില്‍ ഹ്വാനനന്‍ മാംസ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്നാണ് ആദ്യം മുതല്‍ സംശയിക്കുന്നത്. മാര്‍ക്കറ്റിലുള്ളവര്‍ക്കാണ് ആദ്യം രോഗം പിടിപെട്ടത്. ഏതെങ്കിലും മൃഗങ്ങളില്‍ നിന്നായിരിക്കും ഇവര്‍ക്ക് വൈറസ് പകര്‍ന്നതെന്നാണ് കരുതുന്നത്. പിന്നീടാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് കണ്ടെത്തിയത്.

വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ ഗവേഷകര്‍ ശ്രമം നടത്തിവരികയായിരുന്നു. തുടക്കത്തില്‍ പാമ്പുകളാണോ വൈറസ് പടരുന്നതിന് പിന്നിലെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ സംശയിച്ചിരുന്നു. വവ്വാലുകളില്‍ നിന്ന് പാമ്പുകളിലൂടെ മനുഷ്യനിലേക്കെത്തിയെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് വവ്വാലുകള്‍ തന്നെയാണ് വൈറസുകളുടെ ഉറവിടമെന്ന് കണ്ടെത്തി.

വവ്വാലുകളില്‍ നിന്ന് നേരിട്ട് വൈറസ് മനുഷ്യരിലേക്കെത്താന്‍ സാധ്യതയില്ലെന്നതിനാല്‍ ഇവ എങ്ങനെ മനുഷ്യ ശരീരത്തിലെത്തിയതെന്ന് അറിയാനുള്ള ശ്രമമായിരുന്നു പിന്നീട്. ഈനാംപേച്ചികളാണ് ഇടനിലക്കാരാകാന്‍ ഏറെ സാധ്യതയെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവയെ ഭക്ഷണത്തിനായും മരുന്നിനായും ഉപയോഗിക്കുന്നതിനാല്‍ വൈറസുകളെ പടര്‍ത്താന്‍ സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.

ഈനാംപേച്ചികളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത കൊറോണ വൈറസിന്‍റെ സാമ്പിളും രോഗബാധിതരായ മനുഷ്യരില്‍ നിന്നെടുത്ത സാമ്പിളും തമ്മില്‍ 99 ശതമാനം സമാനതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് ഗവേഷകരുടെ കണ്ടെത്തല്‍ പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം, ഈനാംപേച്ചികള്‍ തന്നെയാണ് വൈറസ് പടര്‍ത്തുന്നതിലെ ഇടനിലക്കാര്‍ എന്ന് ഉറപ്പിക്കാന്‍ ഇനിയും ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് ഹോങ്കോങ് സിറ്റി യൂണിവേഴ്‍സിറ്റിയിലെ പ്രൊഫസര്‍ ഡിര്‍ക് പെയ്‍ഫര്‍ പറഞ്ഞു. വിവിധ ജീവികളില്‍ നിന്നെടുക്കുന്ന വൈറസിന്‍റെ സാമ്പിളുകള്‍ ഇനിയും പരിശോധിക്കും. ഭക്ഷണമാക്കിയ മൃഗങ്ങളില്‍ നിന്നാണോ എന്നും ഇനിയും ഉറപ്പിക്കാനായിട്ടില്ലെന്നാണ് പെയ്‍ഫര്‍ പറയുന്നു.

RELATED STORIES