വനിതകളുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടില്‍ നാളെ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ 500 രൂപ നിക്ഷേപിക്കും

തിരുവനന്തപുരം: വനിതകളുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടില്‍ നാളെ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ 500 രൂപ നിക്ഷേപിക്കും. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനാൽ സർക്കാർ പാവപ്പെട്ട സ്ത്രീകൾക്കായി പ്രഖ്യാപിച്ച പ്രത്യേക പദ്ധതിയുടെ ആദ്യ ഗഡുവാണ് നാളെ മുതൽ അക്കൌണ്ടുകളിൽ നിക്ഷേപിക്കുന്നത്.


പ്രധാൻ മന്ത്രി ഗരിബ് കല്യാൺ പാക്കേജ് അനുസരിച്ചാണ് തുക അക്കൌണ്ടുകളിൽ നിക്ഷേപിക്കുന്നത്.


അവസാന അക്കം


അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം പൂജ്യമോ ഒന്നോ ആണെങ്കില്‍ ഏപ്രില്‍ മൂന്നിന് പണമെടുക്കാം. രണ്ടോ മൂന്നോ ആണെങ്കില്‍ ഏപ്രില്‍ നാലിനാണ് പണം നല്‍കുക.നാലിലോ അഞ്ചിലോ ആണ് അക്കൌണ്ട് നമ്പർ അവസാനിക്കുന്നതെങ്കിൽ ഏപ്രിൽ ഏഴിന് പണം പിൻവലിക്കാം. ആറ്, ഏഴ് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന അക്കൌണ്ട് നമ്പറുള്ളവർ ഏപ്രിൽ എട്ടിന് ബാങ്കിൽ എത്തിയാൽ മതിയാകും. എട്ട്, ഒൻപത് എന്നിങ്ങനെയാണ് അക്കൌണ്ട് നമ്പറിലെ അവസാന അക്കങ്ങളെങ്കിൽ ഏപ്രിൽ ഒൻപതിന് പണം 500 രൂപ ബാങ്കിൽ നിന്ന് പിൻവലിക്കാവുന്നതാണ്.


തിരക്ക് വേണ്ട


ഏപ്രിൽ 9 ന് ശേഷം, ഗുണഭോക്താക്കൾക്ക് അവരുടെ സൌകര്യത്തിനനുസരിച്ച് ഏത് ദിവസവും പണം പിൻവലിക്കാം. എല്ലാവരുടേയും സഹകരണവും സുരക്ഷയും ഉറപ്പുവരുത്തണമെന്ന് ബാങ്കുകൾ ഗുണഭോക്താക്കളോട് അഭ്യർത്ഥിച്ചു. ഈ പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതിനാൽ, ഗുണഭോക്താക്കൾ പിൻവലിക്കലിനായി തിരക്കുകൂട്ടേണ്ടതില്ല, പിന്നീടുള്ള തീയതിയിൽ നിങ്ങളുടെ സൗകര്യാർത്ഥം പണം എടുക്കാമെന്ന് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ പറഞ്ഞു.


എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാം


ശാഖകളിൽ തിരക്ക് ഒഴിവാക്കാൻ റൂപേ കാർഡുകൾ ഉപയോഗിച്ച് അടുത്തുള്ള എടിഎമ്മുകൾ വഴിയും ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാം. സർക്കാർ നിർദ്ദേശപ്രകാരം മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനും യാതൊരു നിരക്കും ഈടാക്കില്ല.

RELATED STORIES