കെ.എസ്.ആർ.ടി.സി ബസിൽ മൂന്നാറിൽ താമസിക്കാം.

മൂന്നാർ: മൂന്നാർ കാണാൻ കൗതുകത്തോടെ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇനി കെ.എസ്.ആർ.ടി.സി ബസിൽ താമസിക്കാം. സഞ്ചാരികൾക്ക്​ കുറഞ്ഞ ചെലവിൽ താമസിക്കാനാണ് പുതിയ എ.സി ബസ് എത്തിച്ചത്.


പതിനാറു  വ്യക്തികൾക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യമാണ് ബസിലുള്ളത്. മൂന്നാർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലാണ് ബസ് സൂക്ഷിക്കുക. ബസിൽ താമസിക്കുന്നവർക്ക് ഡിപ്പോയിലെ ശുചി മുറികൾ ഉപയോഗിക്കാം.


സംസ്ഥാനത്തെ പ്രധാന കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ വിദൂര സ്ഥലങ്ങളിൽനിന്നും ഓടിയെത്തുന്ന വാഹനങ്ങളിലെ ജീവനക്കാർക്ക് വിശ്രമിക്കാൻ സ്​റ്റാഫ് ബസ് ഇറക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകരൻ്റെ ആശയമാണ് വിനോദ സഞ്ചാര മേഖലയിൽ മിതമായ നിരക്കിൽ ബസിൽ താമസ സൗകര്യം നൽകാമെന്ന തീരുമാനം ഉണ്ടായത്.


താമസ നിരക്ക് സംബന്ധിച്ച് എം.ഡിയുടെ ഉത്തരവ് ഉടൻ ലഭിക്കുമെന്നും വിനോദ സഞ്ചാര മേഖല തുറന്നാലുടൻ ബസ് താമസത്തിനായി നൽകുമെന്നും ഡിപ്പോ ഇൻസ്പെക്ടർ ഇൻ ചാർജ് സേവി ജോർജ് മാധ്യമങ്ങളോട് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണ് കെ.എസ്.ആർ.ടി.സി ബസിൽ ഇത്തരമൊരു സൗകര്യം ഏർപ്പെടുത്തിയത് എന്ന ബഹുമതി മൂന്നാർ ഡിപ്പോ സ്വന്തമാക്കിയിരിക്കുന്നു.


കെ.എസ്.ആർ.ടി.സിക്ക് അമിത വരുമാനം ലഭിക്കുന്ന പദ്ധതി മറ്റ് വിനോദസഞ്ചാര മേഖലകളിലും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.


2020 ഒക്​ടോബർ 12 ന് ഹിൽസ്​റ്റേഷനുകൾ ഉൾപ്പെടെ​ സംസ്​ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ തുറക്കുകയാണ്​. ഇതോടെ മൂന്നാറിലേക്ക്​ വീണ്ടും സഞ്ചാരികൾ എത്തുമെന്നാണ് എല്ലാവരുടെയും ശുഭ​ പ്രതീക്ഷ.

RELATED STORIES