ഓൺ ലൈൻ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുവാൻ കഴിയുകയില്ല: (ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്)
Chief Editor Pr.Santhosh Pandalam 22-Nov-202017

തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ പോലീസ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകം. ഭേദഗതിയില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ല. വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഭേദഗതി രംഗത്ത് വന്നിരിക്കുന്നത്. പോലീസ് ആക്ടില്‍ 118 (എ) എന്ന ഉപവകുപ്പ് ചേര്‍ത്താണ് ഭേദഗതി രൂപപ്പെടുത്തിയിരിക്കുന്നത്.
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനുള്ള കരിനിയമമാണിതെന്ന് ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. മുഖ്യധാരാ മാധ്യമങ്ങള്‍ മനപൂര്‍വം കണ്ണടക്കുന്ന വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് ഓണ്‍ ലൈന്‍ മാധ്യമങ്ങളാണ്. സംഘടിതമായി മൂടിവെക്കുന്ന അഴിമതികള്‍ പുറത്തുകൊണ്ടുവരുന്നതിലും ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടുവാനാണ് ഈ നിയമഭേദഗതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇത്തരം കരിനിയമങ്ങള്‍ക്കെതിരെ നിയമപരമായി പോരാടുമെന്ന് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, ജനറല്‍ സെക്രട്ടറി രവീന്ദ്രന്, ട്രഷറര്‍ തങ്കച്ചന് പാലാ, ഡോ. സന്തേഷ് പന്തളം എന്നിവര്‍ പറയുകയുണ്ടായി.
സ്ത്രീകള്‍ക്കെതിരായി തുടരുന്ന സൈബര്‍ അതിക്രമങ്ങളെ ചെറുക്കാന്‍ പര്യാപ്തമായ നിയമം കേരളത്തിലില്ലാത്ത പശ്ചാത്തലത്തിലാണ് ഭേദഗതിയെന്നാണ് വ്യാഖ്യാനം. പക്ഷെ പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാര്‍ഗത്തിലൂടെ അപകീര്‍ത്തികരമായ വാര്‍ത്ത വന്നാല്‍ അഞ്ചു വര്‍ഷംവരെ തടവോ 10,000 പിഴയോ രണ്ടും കൂടിയോ ചുമത്താവുന്നതാണ്. പോലീസിന് അമിതാധികാരം നല്‍കുന്നതാണ് ഈ നിയമം.
ഈ ഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണെന്ന് നിയമ വിദഗ്ദര്‍തന്നെ പറയുന്നു. മുഖ്യധാര മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെ പരാതിയുള്ളവര്‍ക്ക് നല്കാന് സംവിധാനങ്ങള്‍ നിലവിലുണ്ട്. അല്ലെങ്കില്‍ കോടതിയെ സമീപിക്കാം. അതും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നയാള്‍ക്ക് മാത്രമാണ് നിയമനടപടി സ്വീകരിക്കാനായി കഴിയുക. അപകീര്‍ത്തി വാര്‍ത്തയാണെന്ന് ബോധ്യപ്പെട്ടാല്‍ കേസെടുക്കാന്‍ കോടതിയാണ് നിര്‍ദ്ദേശം നല്‍കുന്നത്.
പുതിയ ഭേദഗതി പ്രകാരം ഒരു വാര്‍ത്തക്കെതിരെ ആര്‍ക്കുവേണമെങ്കിലും മാധ്യമത്തിനോ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയോ ഏതു പോലീസ് സ്റ്റേഷനിലും പരാതി നല്‍കാവുന്നതാണ്. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാല്‍ പരാതി ലഭിച്ചാല്‍ പോലീസിന് കേസെടുക്കേണ്ടിവരും. അറസ്റ്റും ചെയ്യാം. ജനാധിപത്യ കേരളത്തില്‍ ഇത്തരമൊരു നിയമഭേദഗതിയുടെ ആവശ്യം നിലവിലില്ല. അഴിമതിക്കാര്‍ക്കും കുറ്റവാളികള്‍ക്കും സുരക്ഷ നല്കുവാനാണ് ഈ കരിനിയമമെന്നും ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു.