രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി ഇനിയുണ്ടാവില്ല

ദില്ലി: നോട്ടുനിരോധനത്തിന്റെ ഏറ്റവും വലിയ ഓര്‍മയായിരുന്നു രണ്ടായിരം രൂപയുടെ നോട്ടുകള്‍. ഇന്ത്യയില്‍ പുതിയ കറന്‍സി സമ്പ്രദായം കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാല്‍ ഇപ്പോഴിതാ രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി സര്‍ക്കാര്‍ നിര്‍ത്താന്‍ പോകുകയാണ്. ഒറ്റയടിക്ക് നിര്‍ത്താനല്ല, ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനാണ് നീക്കം. അതേസമയം രണ്ടായിരം രൂപയുടെ നോട്ടില്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. രണ്ടായിരം രൂപയുടെ നോട്ടുകള്‍ നികുതി വെട്ടിപ്പിനും മറ്റ് തട്ടിപ്പുകള്‍ക്കും ഉപയോഗിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്. ചില ഏജന്‍സികളും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
ഈ കാരണം കൊണ്ടാണ് അച്ചടി അവസാനിപ്പിക്കുന്നതെന്നാണ് സൂചന. നേരത്തെ നോട്ടുനിരോധനത്തിന് ശേഷം വന്ന കറന്‍സി ക്ഷാമം പരിഹരിക്കുന്നതിനാണ് സര്‍ക്കാകര്‍ രണ്ടായിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത്. മാര്‍ച്ച് 2018ലെ കണക്ക് പ്രകാരം 18.3 ട്രില്യണ്‍ നോട്ടുകളാണ് അച്ചടിച്ചത്. ഇതിന്റെ 37 ശതമാനം രണ്ടായിരം രൂപയുടെ നോട്ടുകളാണ്. അതായത് 6.73 ട്രില്യണ്‍ നോട്ടുകള്‍. നോട്ടുനിരോധനത്തിന് ശേഷം സര്‍ക്കാര്‍ ഏറ്റവുമധികം വിമര്‍ശനം നേരിട്ടതും രണ്ടായിരം രൂപയുടെ നോട്ടിനെ ചൊല്ലിയായിരുന്നു. 1000 രൂപയുടെ നോട്ടുകള്‍ റദ്ദാക്കിയ നടപടിയും വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം എന്ന നിലയിലാണ് സര്‍ക്കാര്‍ ഇതിനെ പ്രതിരോധിച്ചത്.

RELATED STORIES