പൊലീസുകാരായാല്‍ ആരോടും കൂടുതല്‍ ഭീതിയോ പ്രീതിയോ പാടില്ലെന്ന് ബി. സന്ധ്യ

വിരമിക്കല്‍ പ്രസംഗത്തിലാണ് സന്ധ്യ ഇങ്ങനെ പറഞ്ഞത്. ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത ബി.സന്ധ്യ തെറ്റ് ചെയ്യാതെ പൊലീസിന് പഴി കേള്‍ക്കേണ്ടി വരുമെന്ന് വിമര്‍ശിച്ചു. എക്സൈസ് മേധാവി എസ്.ആനന്ദകൃഷ്ണന്‍,ഫയര്‍ഫോഴ്സ് മേധാവി ഡോ.ബി സന്ധ്യ എന്നിവര്‍ക്കാണ് തിരുവനന്തപുരത്ത് യാത്രയയപ്പ് നല്‍കിയത്. ഡോക്ടര്‍ വന്ദനദാസിന്റെ കൊലപാതകം പരാമര്‍ശിച്ചായിരുന്നു എസ്.ആനന്ദകൃഷ്ണന്റെ വിരമിക്കല്‍ പ്രസംഗം. ചെറിയ വീഴ്ചയിലും പോലീസിന് വലിയ പഴി കേള്‍ക്കേണ്ടി വരുമെന്നു ഡോ.ബി.സന്ധ്യയും പ്രസംഗത്തില്‍ പറഞ്ഞു.


മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്ന ഡി.ജി.പിമാരായ ബി.സന്ധ്യക്കും എസ്.ആനന്ദകൃഷ്ണനും പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടിലാണ് പോലീസ് യാത്രയയപ്പ്പരേഡ് നല്‍കിയത്.സ്വന്തം ജീവന്‍ കളഞ്ഞും പൊലീസ് സാധാരണക്കാരെ സംരക്ഷിക്കുമെന്ന വിശ്വാസം പൊതുസമൂഹത്തിനുണ്ടെന്ന് എസ്.ആനന്ദകൃഷ്ണന്‍ പറഞ്ഞു.കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തിന് പിന്നാലെ സേനക്ക് നേരെ വലിയ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു എക്സൈസ് മേധാവിയുടെ ഓര്‍മപ്പെടുത്തല്‍.ഡിജിപിമാര്‍ക്ക് പോലീസ് സേന പ്രൗഢഗംഭീരമായ വിരമിക്കല്‍ പരേഡാണ് നല്‍കിയത്. സേനയിലെ ഒന്‍പത് എസ്.പിമാരും ഇന്ന് വിരമിക്കുകയാണ്. ഇതോടെ പ്രധാന വകുപ്പുകളുടെ നേതൃസ്ഥാനത്തും ജില്ലാ പൊലീസ് മേധാവിമാരിലും കാര്യമായ അഴിച്ചുപണിയുണ്ടാകും. ജൂണിലാണ് പൊലീസ് മേധാവി അനില്‍കാന്ത് വിരമിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം ഇത്രയധികം ഉദ്യോഗസ്ഥര്‍ ഒരുമിച്ചു വിരമിക്കുന്നതോടെ പൊലീസില്‍ വലിയ അഴിച്ചു പണിക്കാണ് കളമൊരുങ്ങുന്നത്.സംസ്ഥാന പോലീസ് മേധാവി ആര് എന്നതിന് അനുസരിച്ചായിരിക്കും പൊലീസ് തലപ്പത്തെ മാറ്റം.

RELATED STORIES