നാൽപ്പത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

തിരുവനന്തപുരം : സഹോദരിയുടെ എട്ടുവയസ്സുകാരിയായ മകളെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഭിന്നശേഷിക്കാരനായ യുവാവിനെ 40 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലായാണ് 40 വര്‍ഷം കഠിന തടവിന് പ്രതിയെ കോടതി ശിക്ഷിച്ചത്. സഹോദരിയുടെ മകളാണെന്നോ എട്ടുവയസ്സുകാരിയാണെന്നോ ചിന്തിക്കാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോടു കാട്ടിയത് മനഃസാക്ഷിയെ നടുക്കുന്ന പ്രവര്‍ത്തിയാണെന്ന് വിലയിരുത്തിക്കൊണ്ടാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. പോക്സോ കോടതി ജഡ്ജി എംപി ഷിബുവാണ് പ്രതിയുടെ ശിക്ഷ വിധി പ്രഖ്യാപിച്ചത്.


കുടുംബവീട്ടില്‍ വച്ചാണ് പ്രതി പെണ്‍കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടി അമ്മയോടും അമ്മൂമ്മയോടുമൊപ്പമാണ് കുടുംബവീട്ടില്‍ താമസിച്ചു വന്നത്. ഈ വീട്ടില്‍ ശനിയാഴ്ചകള്‍ തോറും പ്രതി എത്താറുണ്ടായിരുന്നു. ആ സമയത്താണ് കുഞ്ഞിനെ പ്രതി പീഡിപ്പിച്ചിരുന്നത്. പ്രതിയുടെ പീഡനം മൂലം കുഞ്ഞ് മനസികമായി വലിയ ബുദ്ധിമുട്ടിലായിരുന്നു. സ്‌കൂളില്‍ വച്ചാണ് പെണ്‍കുട്ടി ഇതുസംബന്ധിച്ചുള്ള സൂചനകള്‍ തന്റെ കൂട്ടുകാരിക്ക് നല്‍കുന്നത്. ശനിയാഴ്ചകളില്‍ തനിക്ക് വീട്ടില്‍ നില്‍ക്കുവാന്‍ പേടിയാണെന്നാണ് കുഞ്ഞ് തന്റെ കൂട്ടുകാരിയോടു പറഞ്ഞത്. ഇക്കാര്യം കൂട്ടുകാരി തന്റെ ടീച്ചറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ സ്വകാര്യമായി അടുത്ത് വിളിച്ച് ടീച്ചര്‍ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് ടീച്ചര്‍ അറിഞ്ഞ കാര്യങ്ങള്‍ സ്‌കൂള്‍ അധികൃതരുമായി പങ്കുവച്ചു. സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു.

സ്‌കൂളില്‍ നിന്നുള്ള പരാതി എത്തിക്കഴിഞ്ഞതോടെ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. എന്നാല്‍ വിചാരവേളയില്‍ കുട്ടിയുടെ അമ്മയും അമ്മൂമ്മയും കൂറുമാറി പ്രതിക്കൊപ്പം ചേര്‍ന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അവര്‍ പ്രതിക്ക് അനുകൂലമായാണ് മൊഴി നല്‍കിയത്. അതേസമയം തന്നെ മാമന്‍ പീഡിപ്പിച്ചിരുന്നു എന്ന കാര്യത്തില്‍ കുട്ടി ഉറച്ചു നിന്നതോടെ കോടതി ഇക്കാര്യത്തില്‍ കടുത്ത തീരുമാനമെടുക്കുകയായിരുന്നു. താന്‍ 50 ശതമാനം ഭിന്ന ശേഷിക്കാരനാണെന്ന രേഖ പ്രതി കോടതിയില്‍ ഹാജരാക്കിയിരുന്നു. മാത്രമല്ല തന്റെ ഭാര്യ ഭിന്നശേഷിക്കാരിയാണെന്ന രേഖയും പ്രതി ഹാജരാക്കി. എന്നാല്‍ ഇതൊന്നും ഈ ക്രൂരതയ്ക്കുള്ള ന്യായീകരണമല്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

RELATED STORIES