ചൂട് അതിരൂക്ഷമായതിനൊപ്പം വൈദ്യുതി ഉപഭോഗവും കുതിക്കുകയാണെന്നും ഉപഭോക്താക്കള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്നും വൈദ്യുതി ബോര്‍ഡിന്റെ അഭ്യര്‍ത്ഥന

തിരഞ്ഞെടുപ്പുകാലമായതിനാല്‍ പവര്‍കട്ടോ ലോഡ് ഷെഡിംഗോ ഏര്‍പ്പെടുത്തുന്നത് രാഷ്‌ട്രീയമായ തിരിച്ചടിക്കിടയാക്കുമെന്നതിനാലാണ് അതീവ ഗുരുതര സാഹചര്യമായിട്ടും അഭ്യര്‍ത്ഥനയുമായി ബോര്‍ഡ് മുന്നോട്ടു വന്നിരിക്കുന്നത്.

രാത്രി പത്ത് മണിക്ക് ശേഷം ട്രാന്‍സ്‌ഫോമറുകളുടെ ലോഡ് ക്രമാതീതമായി വര്‍ദ്ധിക്കുന്നു. എ.സി കളുടെ ഉപയോഗം മുമ്പില്ലാത്ത വിധം കൂടുതലാവുന്നു. ലോഡ് കൂടുന്നത് കൊണ്ട് ഫ്യൂസ് പോവുന്നതും ലൈന്‍ വോള്‍ട്ടേജില്‍ ഗണ്യമായ കുറവുണ്ടാവുന്നതും നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണെന്ന് ബോര്‍ഡ് പറയുന്നു.

രാത്രി സമയങ്ങളില്‍ എ.സി യുടെ ഉപയോഗം നിലവിലെ സാഹചര്യത്തില്‍ നിയന്ത്രിക്കാനാവില്ല. എന്നാല്‍ രാത്രി കാലങ്ങളില്‍ പകല്‍ ചെയ്യാനാവുന്ന പ്രവൃത്തികള്‍ ഒഴിവാക്കാനാവും. തുണികള്‍ കഴുകുന്നതും തേയ്‌ക്കുന്നതും പമ്പ് സെറ്റുകളുടെ ഉപയോഗവും ഒഴിവാക്കാം. ഓട്ടോമാറ്റിക് വാട്ടര്‍ ഫില്ലിംഗ് സംവിധാനം ഒഴിവാക്കി പകല്‍ സമയത്ത് പമ്പ് ചെയ്യുകയും ആവാം. രാത്രി കാലങ്ങളിലെ അനാവശ്യ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് ബോര്‍ഡ് അഭ്യര്‍ത്ഥിക്കുന്നു.

RELATED STORIES