മോസ്കോയിലെ ഭീകരാക്രമണം : ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്‌ലാമിക് സ്റ്റേറ്റ്

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ 5 അക്രമികൾ നടത്തിയ വെടിവയ്പിൽ മരിച്ചവരുടെ എണ്ണം 60 ആയി. ഭീകരാക്രമണമെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്.

വെടിവയ്പിനു പിന്നാലെ 2 തവണ സ്ഫോടനവുമുണ്ടായി. ഇതോടെ വൻ തീപിടിത്തവുമുണ്ടായി. നൂറിലേറെപ്പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.

സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്. അക്രമികൾ യന്ത്രത്തോക്ക് ഉപയോഗിച്ചു തുടരെ വെടിവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. അക്രമികളിൽ ഒരാൾ പിടിയിലായതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

വെടിവയ്പ് നടക്കുമ്പോള്‍ സംഭവസ്ഥലത്ത് ആറായിരത്തോളം പേർ ഉണ്ടായിരുന്നു. വാരാന്ത്യത്തിൽ നടക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മോസ്‌കോ മേയര്‍ അറിയിച്ചു.

RELATED STORIES