കുവൈറ്റില്‍ സന്ദർശക വിസയിലെത്തി നിശ്ചിത സമയം കഴിഞ്ഞും കുവൈറ്റില്‍ തുടരുന്നവരിൽ നിന്ന്​ ഓരോ ദിവസവും പത്ത് ദീനാർ വീതം പിഴ ഈടാക്കുമെന്ന് ​ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് : കുവൈറ്റില്‍ സന്ദർശക വിസയിലെത്തി നിശ്ചിത സമയം കഴിഞ്ഞും കുവൈറ്റില്‍ തുടരുന്നവരിൽ നിന്ന്​ ഓരോ ദിവസവും പത്ത് ദീനാർ വീതം പിഴ ഈടാക്കുമെന്ന് ​ആഭ്യന്തര മന്ത്രാലയം. പരമാവധി ആയിരം ദീനാറാണ്​ പിഴയായി ഈടാക്കുക.

കൊമേഴ്​സ്യൽ സന്ദർശക വിസ, ഭാര്യയും കുട്ടികളും ഒഴികെയുള്ളവരുടെ സന്ദർശക വിസ എന്നിവക്ക്​ ഒരുമാസത്തെ കാലാവധി മാത്രമാണ്​ ഇപ്പോൾ കുവൈറ്റില്‍ ഉള്ളത്​. യൂറോപ്യൻ പൗരന്മാരുടെ ടൂറിസ്​റ്റ്​ വിസക്കും കുവൈറ്റില്‍ ഇഖാമയുള്ള വിദേശികളുടെ ഭാര്യ, കുട്ടികൾ എന്നിവരുടെ സന്ദർശക വിസക്കും​ മൂന്നുമാസത്തെ കാലാവധിയുണ്ട്. സ്​പോൺസറുടെ ശമ്പളം അടിസ്ഥാനമാക്കിയാണ്​ സന്ദർശക വിസയുടെ കാലാവധി തീരുമാനിക്കുന്നത്​.

പ്രവാസികള്‍ക്ക്‌ രക്ഷിതാക്കളെ സന്ദർശക വിസയിൽ കൊണ്ടുവരണമെങ്കിൽ കുറഞ്ഞത്​ 500 ദീനാർ ശമ്പളം വേണം. അതേസമയം, ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാൻ 250 ദീനാർ മതി. സഹോദരങ്ങളുടെ സന്ദർശന വിസക്ക്​ പരമാവധി 30 ദിവസമാണ്​ കാലപരിധി.

സ്​​പോൺസറുടെ ജോലിയും സാഹചര്യങ്ങളും സന്ദർശനത്തിന്റെ ഉദ്ദേശ്യവും അനുസരിച്ച്​ എമിഗ്രേഷൻ മാനേജർക്ക്​ വിസ കാലാവധി വെട്ടിക്കുറക്കാൻ അവകാശമുണ്ടാവും. ഭാര്യ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുടെയെല്ലാം വിസ കാലാവധി എമിഗ്രേഷൻ മാനേജറുടെ വിവേചനാധികാര പരിധിയിൽ വരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

RELATED STORIES