ജയില്‍ശിക്ഷ കിട്ടിയവരെ തെരഞ്ഞെടുപ്പില്‍ വിലക്കാൻ ഹര്‍ജി

ഛണ്ഡീഗഢ്: രണ്ട് വര്‍ഷത്തില്‍ താഴെ ജയില്‍ശിക്ഷ അനുഭവിച്ചവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിൽ പൊതുതാല്‍പര്യ ഹര്‍ജി. നിലവില്‍ രണ്ടുവര്‍ഷത്തിന് മുകളില്‍ ജയില്‍ശിക്ഷ ലഭിച്ചവര്‍ക്കാണ് അയോഗ്യത.

ഹര്‍ജി സ്വീകരിച്ച ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസും അയച്ചു. സര്‍ക്കാര്‍ അഭിപ്രായം അറിയിക്കണം. ഭരണഘടനയുടെ 14-ാം അനുച്ഛേദം അനുസരിച്ചാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. തുല്യതയ്‍ക്കുള്ള അവകാശമാണ് ഇത്. 

1951ലെ ജന പ്രാതിനിധ്യത്തിനുള്ള നിയമം അനുസരിച്ച് രണ്ടുവര്‍ഷത്തില്‍ താഴെ ശിക്ഷ അനുഭവിച്ചവര്‍ക്ക് തെരഞ്ഞെടുപ്പില്‍ അയോഗ്യതയില്ല. ഇത് സത്യത്തില്‍ തുല്യതയ്‍ക്കുള്ള അവകാശത്തിന് എതിരാണ്. ഒരേ ഗണത്തില്‍പ്പെട്ടവര്‍ക്ക് വ്യത്യസ്‍തമായ നീതി നല്‍കുന്നതായി ഇത് കണക്കാക്കും. പ്രഥമദൃഷ്‍ട്യാ ഇതില്‍ പരിശോധന ആവശ്യമാണെന്ന് തോന്നുന്നു - ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൃഷ്‍ണ മുരാരി, ജസ്റ്റിസ് അരുണ്‍ പള്ളി എന്നിവരുടെ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. 

സുപ്രീംകോടതി ജുഡീഷ്യല്‍ ക്ലര്‍ക്ക് ഗനേഷ് ഖേംക എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ അടുത്തവാദം നവംബര്‍ ആറിന് നടക്കും. 

RELATED STORIES